കോഴിക്കോട്/കണ്ണൂര്‍: കേരളത്തെ എങ്ങനെയും കരകയറ്റാനുള്ള തത്രപ്പാടിലാണു വ്യവസായമന്ത്രി എളമരം കരീം! സമ്പൂര്‍ണ വ്യവസായവത്‌കൃത കേരളത്തിനായി തറക്കല്ലിട്ടും ധാരണാപത്രങ്ങള്‍ ഒപ്പിട്ടും മുന്നേറുന്നതിനിടെ വഴിമുടക്കുന്ന വിവരദോഷികളായ വികസനവിരുദ്ധര്‍ക്കു മന്ത്രിയുടെ വക ശകാരവര്‍ഷവും.
മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സിലെയും തിരുവേപ്പതി മില്ലിലെയുമൊക്കെ നൂറുകണക്കിനു തൊഴിലാളികളുടെ കണ്ണീര്‍ കാണാത്ത കരീം 'കിനാലൂര്‍ മോഡല്‍' വികസനത്തിനായി മുതലക്കണ്ണീരൊഴുക്കുന്നതായാണ് ആക്ഷേപം.
സമരതീക്ഷ്‌ണമായ ഇന്നലെകളില്‍ കേരളത്തിന്റെ വ്യവസായശാലകള്‍ മിക്കതും താഴിട്ടുപൂട്ടിച്ച ട്രേഡ് യൂണിയനുകളുടെ നേതാവിന്റെ പുത്തന്‍ വ്യവസായ സ്‌നേഹം കമ്യൂണിസ്‌റ്റുകാര്‍ക്കു വൈകിയുദിച്ച വിവേകമോ? അങ്ങനെയെങ്കില്‍ കേരളം വ്യവസായത്തിന്റെ ശവപ്പറമ്പായി മാറിയ ആ പഴയ സമരനാളുകളെക്കുറിച്ചു പറഞ്ഞിട്ടുവേണ്ടേ വികസനവിരുദ്ധരെ അടച്ചാക്ഷേപിക്കാന്‍?
റയോണ്‍സ് പൂട്ടിച്ച സംഘാടനമികവ്
എല്ലാ തൊഴിലാളി യൂണിയനുകളുമായും നല്ല ബന്ധം പുലര്‍ത്തിയിരുന്ന കരീമിന് എഴുപതുകളില്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ സ്‌ഥിരജോലി കൊടുക്കണമെന്നു യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മാനേജ്‌മെന്റ് തയാറായില്ല. നല്ല സംഘാടകനായ കരീം അതോടെ ലേബര്‍ കോണ്‍ട്രാക്‌ടേഴ്‌സ് യൂണിയന്‍ രൂപീകരിച്ചു.
പിന്നീടു സി.ഐ.ടി.യു. ഓഫീസ് സെക്രട്ടറിയും മാവൂര്‍ യൂണിറ്റ് ഭാരവാഹിയുമായി. ആയിടെയാണു മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് കമ്പനി എന്‍ജിനീയറിംഗ് ഡിവിഷന്‍ എന്ന വലിയ സ്‌ഥാപനം തുടങ്ങിയത്. എണ്ണൂറിലധികം ജോലിക്കാര്‍. കമ്പനിയില്‍ ശമ്പളത്തര്‍ക്കം വന്നപ്പോള്‍ നേതാവ് ഇടപെട്ടു. കമ്പനി ബൈലോപ്രകാരം സമരം അനുവദനീയമായിരുന്നില്ല.
അങ്ങനെ ആ ബൃഹദ് സ്‌ഥാപനം പൂട്ടേണ്ടിവന്നു. 800 പേര്‍ക്കു പണി പോയി. കെ.ടി.സി. കമ്പനിയിലും മറ്റും യൂണിയന്‍ നേതൃത്വത്തിലുണ്ടായിരുന്ന കരീം ട്രാന്‍സ്‌പോര്‍ട്ട് മേഖലയിലേക്കു ചേക്കേറി. യാത്രാനിരക്കു വര്‍ധിപ്പിക്കാന്‍ തൊഴിലാളികളെ ഉപയോഗിച്ചു സമരം നടത്തിയത് അക്കാലത്താണ്. പിന്നീടു സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയായും സംസ്‌ഥാന ജോയിന്റ് സെക്രട്ടറിയായും ഉയര്‍ന്നു.
പൂട്ടിച്ച മില്‍ പാര്‍ട്ടിക്കു സ്വന്തം
485 തൊഴിലാളികളുടെ ജീവിതത്തിന് ഊടും പാവും നെയ്‌തിരുന്നതാണു കണ്ണൂരിലെ തിരുവേപ്പതി മില്‍. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ ആദ്യ ആറുമാസത്തിനകം മന്ത്രി കരീമിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ മില്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. തൊഴിലാളിനേതാവായിരുന്ന മന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടു ചര്‍ച്ച നടത്തിയപ്പോള്‍ തൊഴിലാളികള്‍ക്കു പ്രതീക്ഷയേറെയായിരുന്നു. അന്നു മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയുടെ ബാക്കിപത്രമായ ആനുകൂല്യങ്ങള്‍ ഇന്നും തൊഴിലാളികള്‍ക്കു കിട്ടിയിട്ടില്ല. ഇ.കെ. നായനാര്‍ക്കു സ്‌മാരകം പണിയാന്‍ മില്ലിന്റെ സ്‌ഥലം പിന്നീടു പാര്‍ട്ടി ആറരക്കോടി രൂപയ്‌ക്കു വാങ്ങിയെന്നതു ചരിത്രത്തില്‍ ചുവന്ന ലിപികളില്‍ രേഖപ്പെടുത്തി.
കോട്ടണ്‍മില്ലും പെരുവഴിയാക്കി
കൈത്തറിപ്പെരുമയുമായി തലയുയര്‍ത്തി നിന്ന കണ്ണൂരിലെ കോട്ടണ്‍ മില്ലില്‍ 430 തൊഴിലാളികളുണ്ടായിരുന്നു. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറി ഒരുവര്‍ഷം തികയുന്നതിനുമുമ്പു തൊഴിലാളികളെ തെരുവാധാരമാക്കി മില്‍ പൂട്ടി. വ്യവസായമന്ത്രി എളമരം കരീമിന്റെ സാന്നിധ്യത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളും യൂണിയന്‍ നേതാക്കളും നടത്തിയ ചര്‍ച്ചയിലാണു മില്‍ പൂട്ടാന്‍ തീരുമാനമായത്. സര്‍ക്കാര്‍ ഗ്യാരന്റിയില്‍ എന്തെങ്കിലും സഹായം കിട്ടിയാല്‍ വ്യവസായം മുന്നോട്ടുകൊണ്ടുപോകാന്‍ തയാറാണെന്നു മാനേജ്‌മെന്റ് വ്യക്‌തമാക്കിയെങ്കിലും ഫലമുണ്ടായില്ല.
കോഴിക്കോട് കേരളാ സോപ്‌സ്
പൂട്ടിക്കിടന്ന പൊതുമേഖലാ സ്‌ഥാപനമായ കേരള സോപ്‌സ് ആന്‍ഡ് ഓയില്‍സ് ലിമിറ്റഡിന്റെ സ്‌ഥാനത്ത് ഈ വര്‍ഷം പുതിയ കമ്പനി തുടങ്ങി. കരീമുള്‍പ്പെട്ട ഡയറക്‌ടര്‍ ബോര്‍ഡിന്റെ കെടുകാര്യസ്‌ഥത മൂലമാണു കമ്പനി അടച്ചുപൂട്ടിയത്. പുതിയ കമ്പനിയില്‍ പഴയ തൊഴിലാളികള്‍ക്കു ജോലി നല്‍കിയിട്ടില്ല. എണ്‍പതുകളുടെ തുടക്കംവരെ ലാഭത്തിലായിരുന്ന കേരള സോപ്‌സ് യൂണിറ്റ് കാലാനുസൃതമായി മാറാത്ത വിപണനതന്ത്രത്തിലെ പിഴവുകളും കുത്തഴിഞ്ഞ മാനേജ്‌മെന്റും തൊഴിലാളിസമരങ്ങളും മൂലമാണു പൂട്ടിയത്. പുതിയ യൂണിറ്റില്‍ 141 പേര്‍ക്കു നേരിട്ടു നിയമനം നല്‍കും. താല്‍ക്കാലിക തൊഴിലാളികളെ ഉപയോഗിച്ചാണു പ്രവര്‍ത്തനം.
സ്‌റ്റീല്‍ കോംപ്ലക്‌സ്
തൊഴിലാളിസമരങ്ങളെത്തുടര്‍ന്നു പ്രതിസന്ധിയിലായ മന്ത്രിയുടെ നാട്ടിലെ പൊതുമേഖലാ സ്‌ഥാപനമായ സ്‌റ്റീല്‍ കോംപ്ലക്‌സ് കേന്ദ്ര നവരത്ന കമ്പനിയായ സ്‌റ്റീല്‍ അഥോറിട്ടി ഓഫ് ഇന്ത്യ(സെയില്‍)യുമായി ചേര്‍ന്നാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
സമരങ്ങളെത്തുടര്‍ന്ന് തുടര്‍ച്ചയായി നഷ്‌ടത്തിലായ സ്‌റ്റീല്‍ കോംപ്ലകസ് പൂട്ടല്‍ ഭീഷണിയിലായിരുന്നു.
വാര്യാട് ഭക്ഷ്യപാര്‍ക്ക്
വാര്യാട് ഭക്ഷ്യപാര്‍ക്കിന്റെ പേരില്‍ ലാന്‍ഡ് ബാങ്കുണ്ടാക്കാന്‍ ശ്രമിക്കുന്ന മന്ത്രി കാര്‍ഷിക മേഖലയില്‍ ഇല്ലാതാകുന്ന തൊഴില്‍ അവസരങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. ദക്ഷിണേന്ത്യയില്‍ത്തന്നെ മികച്ച കാപ്പി ഉല്‍പാദനമുള്ള, 392 ഏക്കര്‍ വാര്യാട് എസ്‌റ്റേറ്റാണു വ്യവസായത്തിനായി ഏറ്റെടുക്കുന്നത്. കേന്ദ്രം അനുവദിച്ച ഭക്ഷ്യപാര്‍ക്കിന് 50 ഏക്കര്‍ മതിയെന്നിരിക്കെയാണിത്. ഉദ്യോഗസ്‌ഥരുമായും തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായും മന്ത്രി നേരിട്ടാണു ചര്‍ച്ച നടത്തിയത്. കിനാലൂരിലേതുപോലെ വ്യവസായ ടൗണ്‍ഷിപ്പാണ് ഇവിടെ ലക്ഷ്യമിടുന്നത്. മന്ത്രിയുടെ നിര്‍ദേശപ്രകാരം കെ.എസ്.ഐ.ഡി.സിയും കിന്‍ഫ്രയും നടത്തിയ നിക്ഷേപകസംഗമങ്ങളില്‍ 2400 കോടിയുടെ ധാരണാപത്രങ്ങള്‍ ഒപ്പുവച്ചിട്ടുണ്ട്.
ഇതു മംഗളം പത്രത്തില്‍ വന്നത്
|
No comments:
Post a Comment